Thursday, April 3, 2014

പാല്‍ മണം


അവളുടെ ശരീരത്തിൽ ഒരു മുശടു മണം കയറി പിടിച്ചിരിക്കുന്നതായി അയാൾക്ക് തോന്നി.തനിക്കറിയാവുന്ന സരോജയേയല്ല ഈ കിടക്കുന്നത് എന്ന് ജീവനു ഉറപ്പായിരുന്നു..ആയിരുന്നെങ്കിൽ അവളുടെ സുഗന്ധമെങ്കിലും അയാൾ തിരിച്ചറിഞ്ഞേനേ..താൻ എന്നും അവളേക്കാൾ അധികം പ്രണയിച്ചിരുന്നത് അവളുടെ പാൽ മണത്തെ ആയിരുന്നെന്ന് ജീവൻ ഓർത്തു. അവൾ തൊടുന്നതിലെല്ലാം ആ ഗന്ധം തളം കെട്ടി നിന്നിരുന്നു.അവൾ വെയ്ക്കുന്ന കറികളിൽ പ്രത്യേകിച്ച് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കായത്തോരനിൽ.കാലക്രമേണ അയാളുടെ ജിവിതത്തിനു തന്നെ ആ പാൽ മണമായി..അവളുടെ അടുക്കൽ നിന്നു വലിച്ചെടുക്കുന്ന ആ സുഗന്ധം ജീവനു നാല്പത് ആണ്ടുകളുടെ ആയുസാണ് കൂട്ടി കൊടുത്തത്..അങ്ങനെ ജീവാമൃതമായി മാറിയ ആ സുഗന്ധം അവളുടെ പക്കൽ നിന്നു ആരോ അപഹരിച്ചു കൊണ്ട് ഇരുട്ടിലേക്ക് മറയുന്നത് അയാൾ കണ്ടതാണ്..അരുതേ എന്ന് പറയണമെന്നുണ്ടായിരുന്നു..പക്ഷേ അയാളുടെ നാവും ഉറക്കത്തിലായിരുന്നു പാൽ മണം ഓരോന്നായി പുളിച്ചു നാറുമ്പോൾ ഇന്നലത്തെ കായത്തോരന്റെ പാത്രത്തിൽ എങ്കിലും അത് കാണും എന്നു അയാൾ കരുതി..പാത്രത്തിന്റെ അടിക്കു പറ്റിപിടിച്ചിരുന്ന വറ്റ് ചുരണ്ടിയെടുത്ത് അയാൾ മൂക്കിനടുത്തേക്ക് അടുപ്പിച്ചു..അവളുടെ ഗന്ധത്തിന്റെ ഒരു ചെറിയ അണുവെങ്കിലും അതിൽ ശേഷിച്ചിരിക്കും എന്ന ഉറപ്പോടെ അയാള്‍ ശ്വാസം ഉള്ളിലേക്ക് വലിച്ചു കയറ്റി..സ്ഫടികം പോലെ തിളങ്ങിയിരുന്ന ആ പാത്രത്തിന്റെ ഉള്ളിൽ ജീവന്‍ അയാളെ തന്നെ കണ്ടു..പക്ഷേ പാത്രത്തിലെ തനിക്ക് മൂക്ക് ഇല്ലായിരുന്നു.പകരം രണ്ടു ദ്വാരം മാത്രം..അതിലേക്ക് സൂക്ഷിച്ചു നോക്കിയ അയാള്‍ രണ്ട് മുല കണ്ണുകൾ കണ്ടു..